ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവത്തിൽ നിന്നും പിന്നീട് ജീവിതം തന്നെ മാറിമറയാം. അതു മറയ്ക്കാൻ ഒരു കള്ളം പറയും. പിന്നീട് കള്ളങ്ങളുടെ ഒരു മറ തന്നെ വേണ്ടിവരും. അവിടേക്ക് ഒരു അന്വേഷണം ഉണ്ടാകുന്പോൾ പലപ്പോഴും നമ്മൾ നിസഹായരാകും.
ബിഗ്സ്ക്രീനിൽ അന്വേഷണം എന്ന ചിത്രം പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത് എവിടൊക്കെയോ ചില ഓർപ്പെടുത്തലുകളിലേക്കും ചില നോവുകളിലേക്കുമാണ്. ഒപ്പം നമുക്കിടയിലേക്കു തന്നെ ഒരു അന്വേഷണവും എത്തിനോട്ടവുമൊക്കെയാണ്.
ലില്ലി എന്ന സിനിമ ഒരുക്കി തന്റെ വരവറിയിച്ച പ്രശോഭ് വിജയൻ എന്ന സംവിധായകൻ തന്റെ രണ്ടാം ചിത്രവുമായി വന്നപ്പോൾ വളരെ മെച്ചപ്പെട്ടു കഴിഞ്ഞു. ആദ്യ ചിത്രത്തിൽ വയലൻസും നിസഹായതയും ത്രില്ലർ സ്വഭാവത്തിൽ ചേർത്തിണക്കിയപ്പോൾ രണ്ടാം ചിത്രത്തിൽ വൈകാരികതയെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്.
പ്രേക്ഷകരെ നോവിച്ചുകൊണ്ടു കഥ പറയാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുമുണ്ട്. ഒരു സിനിമയ്ക്കുള്ള സംഗതിയുണ്ടോ എന്നു ചിന്തിക്കാവുന്ന സബ്ജക്ടിനെ വളരെ സിനിമാറ്റിക്കായി പുതിയൊരു ആഖ്യാന ശൈലിയിലൂടെ ഒരുക്കിയതാണ് അന്വേഷണത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്.